വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ചുരമില്ലാത്ത റോഡ് കൊണ്ട് ബന്ധിപ്പിക്കേണ്ടത് ഭാവി തലമുറയുടെ നിലനില്പിന് ആവശ്യമാണെന്ന ബോധ്യം നൽകുന്ന വിധം മലയോര വികസന ജനകീയ സമിതി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനം വൻ ചർച്ചയാകുകയാണ്. കൊട്ടിയൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോൾ ആണ് നിവേദനം കൈമാറിയത്. നാല് പതിറ്റാണ്ടായി നിയമവിരുദ്ധമായി ഒരു റോഡിനെ തടഞ്ഞിട്ടിരിരിക്കുകയാണ് എന്നും പ്രകൃതിദുരന്തങ്ങളും ഗതാഗതക്കുരുക്കും കാരണം രണ്ട് ജില്ലകൾ പ്രതിസന്ധിയിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദുരന്തങ്ങളും ഗതാഗതകുരുക്കും ഉണ്ടാകുമ്പോൾ രക്ഷപ്പെടാൻ നിലവിലെ പാതകൾ കൊണ്ട് സാധിക്കില്ലെന്നും ബദൽ പാതകൾ ആവശ്യമാണെന്നും ഇരിക്കെ, നിർമാണ ചെലവ് കുറഞ്ഞതും സമയ ദൂര ലാഭമുള്ളതും അപകട സാധ്യത വളരെ കുറഞ്ഞതുമായ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് പരിഗണിക്കാത്തതിനെതിരെ സമീപകാലത്ത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചുരമില്ലാത്ത കൊട്ടിയൂർ അമ്പായത്തോട് - തലപ്പുഴ - 44-ാം മൈൽ പാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് വീണ്ടും നിവേദനം നൽകിയത്. മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും അതിന് മുൻപുള്ള പല മന്ത്രിമാർക്കും നിവേദനങ്ങളും പരാതികളും നൽകിയിരുന്നതാണ്. എല്ലാവരും കനത്ത മൗനം മാത്രമാണ് പ്രതികരണമായി പ്രകടിപ്പിച്ചത്. കേന്ദ്രത്തിൻ്റെ വകുപ്പാണ് വനമെന്നും അതിനാൽത്തന്നെ വനത്തിലുടെ റോഡ് അനുവദിക്കില്ലെന്നുമുള്ള പതിവ് മുടന്തൻ ന്യായത്തെ തൂത്തെറിയാൻ വനം വകുപ്പ് തന്നെ നൽകിയ വിശദീകരണത്തിൻ്റെ രേഖ മൂലമുള്ള തെളിവുകൾ സഹിതമാണ് നിവേദനം നൽകിയിട്ടുള്ളതെന്ന് റോഡ് കമ്മിറ്റി കോർഡിനേറ്ററും ആദ്യ സെക്രട്ടറിയുമായ ബാബു ജോസഫ് പറഞ്ഞു. വിമാനത്താവള റോഡായും മലയോര ഹൈവേ ആയും 44-ാം മൈൽ റോഡാണ് നല്ലതെന്നും സൗകര്യപ്രദമെന്നും ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം സംബനധിച്ച രേഖകളും നിവേദനത്തോടൊപ്പം നൽകിയിട്ടുണ്ട്. കൂടാതെ സണ്ണി ജോസഫ് എംഎൽഎ കാര്യങ്ങൾ പൊതു സമ്മേളനത്തിൽ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അമ്പായത്തോട് താഴെ പാൽചുരം തലപ്പുഴ നാൽപ്പത്തിനാലാംമൈൽ ചുരം രഹിതപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട്
മലയോര വികസന ജനകീയ സമിതി പ്രതിനിധി സംഘം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം നൽകിയത്. മലയോര വികസന സമിതി ഭാരവാഹികളായ പി.തങ്കപ്പൻ, അഡ്വ.എം.രാജൻ, ജോർജ്കുട്ടി വാളു വെട്ടിക്കൽ, കെ.എം അബ്ദുൾ അസീസ്, സജീവ് നായർ എന്നിവരാണ് മന്ത്രിയെ കണ്ടത്. കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി.നാരായണൻ നായർ, എക്സിക്യൂട്ടിവ് ഓഫീസർ കെ.ഗോകുൽ, മാനേജർ കെ.നാരായണൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't you want to get off the path without a pass?